...

കോടിയേരി അന്തരിച്ചു. ആദരാഞ്ജലികൾ.

Please share

ചെന്നൈ:സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

1953 നവംബര്‍ 16-ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.

പതിനാറാം വയസ്സില്‍ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പില്‍ക്കാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ണായകപദവികളില്‍ എത്തിച്ചേര്‍ന്നു. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തിവാണകാലമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ ഇടവേളകളില്ലാതെ കൊമ്പുകോര്‍ത്തിരുന്ന സമയം. അന്ന് മധ്യസ്ഥന്റെ റോള്‍ കൂടി കോടിയേരി ഭംഗിയായി നിര്‍വഹിച്ചു.

2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പാര്‍ട്ടിഭാരവാഹിത്വത്തിലേക്ക് മാറുന്ന കാഴ്ചയാണ് അന്നുണ്ടായത്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്നങ്ങളെയും ഏറ്റവും മികച്ചരീതിയില്‍ കോടിയേരി കൈകാര്യം ചെയ്തു.

2019-ലാണ് കോടിയേരിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. അതിനിടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വലിയവിവാദങ്ങളിലും കേസുകളിലും അകപ്പെടുകയും ചെയ്തിരുന്നു. ബിനോയ്ക്കെതിരായ കേസും നൂലാമാലകളും ബിനീഷിന്റെ അറസ്റ്റും കോടിയേരിയെ രാഷ്ട്രീയമായും വ്യക്തിപരമായും ബാധിച്ചു. തുടര്‍ന്ന് 2020 നവംബര്‍ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുക്കുകയും ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു.

സി.പി.എം. നേതാവും തലശ്ശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവര്‍ മക്കളും ഡോ. അഖില, റിനീറ്റ എന്നിവര്‍ മരുമക്കളുമാണ്.

ആദരാഞ്ജലികൾ.

Dr. Sajeev Dev
Dr. Sajeev Dev
Articles: 602

Leave a Reply

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.